പട്ടാമ്പി നഗരസഭാ പരിധിയിൽ കൂടുതൽ കോവിഡ് രോഗബാധിതരെ കണ്ടെത്താനുള്ള അടിയന്തര നടപടികളുടെ ഭാഗമായി കണ്ടെയ്ൻമെൻ്റ് കൺട്രോൾ സെല്ലിൻ്റെ നേതൃത്വത്തിൽ മുനിസിപ്പാലിറ്റി പരിധിയിലെ 7000 വീടുകളിൽ സർവ്വെ പൂർത്തീകരിച്ചു. സർവ്വെ പ്രകാരം രോഗലക്ഷണങ്ങൾ കണ്ടെത്തിയ 122 പേരെ മെഡിക്കൽ ക്യാമ്പിലേയ്ക്ക് മാറ്റി. 86 പേർക്ക് ആൻ്റിജൻ ടെസ്റ്റ് നടത്തിയതിൽ ഏഴുപേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായി കണ്ടെയ്ൻമെൻ്റ് കൺട്രോൾ സെൽ നോഡൽ ഓഫീസർ ഡോ.സിദ്ദിഖ് അറിയിച്ചു. ബാക്കി 36 പേർക്ക് ഇന്നും (ജൂലൈ 25) ജൂലൈ 27 നുമായി ആന്റിജൻ ടെസ്റ്റ് നടത്തും. രോഗബാധ സ്ഥിരികരിച്ച ഏഴു പേരിൽ നാലുപേരെ മാങ്ങോട് കേരള മെഡിക്കൽ കോളേജിലും മൂന്നു പേരെ പട്ടാമ്പി സംസ്കൃത കോളേജിലെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിലേക്കും മാറ്റി.
കണ്ടെയ്ൻമെൻ്റ് കൺട്രോൾ സെൽ നോഡൽ ഓഫീസറുടെ നേതൃത്വത്തിലുള്ള റാപ്പിഡ് റെസ്പോൺസ് ടീമാണ് (ആർ.ആർ.ടി) സർവ്വെ നടത്തിയത്. ജെ.പി.എച്ച്മാർ, വാർഡ് മെമ്പർ/ കൗൺസിലർ, അങ്കണവാടി, ആശാ വർക്കർമാർ എന്നിവർ പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലിയോടെയാണ് സർവ്വെ നടത്തിയത്. ഇതുപ്രകാരം ജലദോഷം, ചുമ, തുമ്മൽ, പനി തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവരെ മെഡിക്കൽ ക്യാമ്പിലെത്തിച്ച് ആൻ്റിജൻ ടെസ്റ്റിന് വിധേയരാക്കി. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരെയും ചില ഘട്ടങ്ങളിൽ ടെസ്റ്റിന് വിധേയമാക്കിയിരുന്നു.