തൃത്താല:ഡിസൈനറായിരുന്ന ജയൻ മന്ത്രയുടെ ഓർമ്മയ്ക്ക് ജയനൊപ്പം നടന്നവർ സംഘടിപ്പിക്കുന്ന രൂപകല്പനയുടെ ഉത്സവത്തിന് ഭാരതപ്പുഴയുടെ തീരത്ത് വെള്ളിയാങ്കല്ലിൽ തുടക്കമായി. അനുഷ്ഠാന കലാരൂപത്തിൻ്റെ 'മുഖത്തെഴുത്തോ'ടെയാണ് ഫെസ്റ്റിവൽ ഓഫ് ഡിസൈൻ തുടക്കം കുറിച്ചത്. നാടൻ കലാകാരരായ സുബ്രൻ (മുഖത്തെഴുത്ത്), വിജയൻ പട്ടിശ്ശേരി ( ആട്ടം),
പിന്നിലിൽ രാജൻ ( ചെണ്ട ), നീന്ത്ര രാജൻ (കുഴൽ), പ്രിനിൽ (മരം), ജിത് രാജ് (മരം) എന്നിവർ മുഖത്തെഴുത്തിൽ പങ്കെടുത്തു. 2024 നവംബർ 10 മുതൽ ഡിസംബർ 10 വരെ ഭാരതപ്പുഴയുടെ തീരത്ത് പലയിടങ്ങളിലായാണ് രൂപകല്പനയുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ നടക്കുന്നത്.
ഗണിത ശാസ്ത്രത്തിൽ ബിരുദധാരിയായ വി. ജയദേവൻ മന്ത്ര സിസൈന്‍ ഫാക്ടറി എന്ന സ്ഥാപനമാരംഭിച്ച് സ്വതന്ത്രമായി ഡിസൈനിങ് പ്രവൃത്തികള്‍ വിപുലീകരിച്ചു. ജില്ലാതിര്‍ത്തികള്‍ വിട്ട് പലരും ജയനെത്തേടി വന്നു. ഡിസൈനിങില്‍ പുതിയ വഴികള്‍ സ്വീകരിച്ചത് ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യമായി. നിറം, ലാളിത്യം, വിഷയത്തോടുള്ള ചേര്‍ച്ച, ഫോണ്ടുകളുടെ ഉചിതമായ ക്രമീകരണം എന്നിവ ജയദേവന്റെ ഡിസൈനുകളുടെ പ്രത്യേകതയായി. പുതിയ സ്ഥാപനം ശ്രദ്ധ നേടിയതോടെ ജയന്‍ മന്ത്ര എന്ന് പ്രസിദ്ധനായി. ചിത്രകലയിലും നിര്‍മാണകലയിലും ഫോട്ടോഗ്രഫിയിലും സ്വയം പരിശീലനവും പരീക്ഷണങ്ങളും നടത്തി. രൂപകല്പനയിലേക്ക് ഇത്തരം മേഖലകളെ ബന്ധിപ്പിക്കുന്നതിൽ ജയൻ മന്ത്ര നിരന്തരം ശ്രദ്ധിച്ചിരുന്നു.
ചലനം, കാഴ്ചവഴി, ചിത്രമെഴുത്ത്, ഫോട്ടോ വാക്, പ്രഭാഷണങ്ങൾ, പ്രദർശനങ്ങൾ, അവതരണങ്ങൾ എന്നിവ രൂപകല്പനയുടെ ഉത്സവത്തോടനുബന്ധിച്ച് നടക്കും. ചിത്രകല, സിനിമ, പരസ്യകല എന്നിങ്ങനെ വിവിധ മേഖലകളിലെ രൂപകല്പനയുടെ സവിശേഷതകളെക്കുറിച്ച് സംവാദങ്ങളും വർത്തമാനപത്രങ്ങളുടെ രൂപകല്പനയും ചരിത്രവും വിഷയമാകുന്ന പ്രദർശനവും ഉത്സവത്തിൻ്റെ ഭാഗമാവും.
ഡിസംബർ ഒന്നിന് നടക്കുന്ന പ്രത്യേക ഒത്തുചേരലിൽ നിത്യജീവിതത്തിലെ രൂപകല്പനകളെക്കുറിച്ച് അഭീഷ് ശശിധരൻ പ്രഭാഷണം നടത്തും. 'ജയദേവൻ്റെ ലോകം ' ആർകൈവ് പ്രദർശനവും നാടകാവതരണവുമുണ്ടാകും. ജയൻ മന്ത്രയുടെ സുഹൃത്തുക്കളാണ് ഉത്സവത്തിൻ്റെ സംഘാടകർ.