ചാത്തനൂർ ജി.എൽ.പി.സ്കൂളിൽ ഓർമ്മകളുടെ സർഗ്ഗസമാഗമം"സ്മൃതിപഥം" പൂർവ്വ വിദ്യാർത്ഥി സംഗമം ശനിയാഴ്ച നടക്കുമെന്ന് കൂറ്റനാട് നടത്തിയ വാർത്ത സമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.നവംബർ 9 ശനിയാഴ്ച രാവിലെ 9.30 മുതൽ രാത്രി 10 വരെ ഒത്തുകൂടുന്ന പരിപാടിക്ക്
കാലത്ത്
രജിസ്റ്റേഷനോട് കൂടി തുടങ്ങുന്ന സംഗമത്തിൽ 3 pm ന് മുതിർന്ന പൂർവ്വ അദ്ധ്യാപകരേയും വിദ്യാർത്ഥികളേയും ചേർത്ത് കറുകപുത്തൂരിൽ നിന്ന് വാദ്യ,കലാരൂപങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയും 5.15 ന് സാംസ്കാരിക സമ്മേളനവും 7.30 ന് കലാവിരുന്നും അരങ്ങേറും. അന്നേദിവസം അവിടെയെത്തിച്ചേരുന്നവർക്കെല്ലാം ഭക്ഷണവും ഒരുക്കും.
അനുസ്മരണം- -ആദരണം- അനുമോദനം എന്നിവ അടങ്ങുന്ന സമ്മേളനത്തിൽ ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയായ സ്വാതന്ത്ര്യ സമര സേനാനി ഗോപാല പിഷാരടിയുടെ ഫോട്ടോ അനാഛാദനവും , മൺമറഞ്ഞ 35 പൂർവ്വ അദ്ധ്യാപകരുടെ ഛായാ ചിത്രങ്ങൾ വിവരണത്തോട് കൂടിയ ഫോട്ടോയും ഗാലറിയിൽ ഒരുക്കും.
വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥി പത്മവിഭൂഷൺ ഡോ:ഇ ശ്രീധരൻ ഭദ്രദീപം തെളിയിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്യും.
പൂർവ്വ വിദ്യാർത്ഥികളായ പ്രൊഫസർമാരായ കക്കാട്ട് കൃഷ്ണൻ, മേരിക്കുഞ്ഞ്, കേശവൻ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുക്കും
1906 ൽ തിരുമിറ്റക്കോട് പഞ്ചായത്തിലെ മതുപ്പുള്ളി അത്താണിപ്പറമ്പിൽ എന്ന സ്ഥലത്ത് മതുപ്പുള്ളി പിഷാരത്ത് ഗോവിന്ദ പിഷാരടിയുടെ നേതൃത്വത്തിൽ സ്ഥാപിതമായ എഴുത്തു പള്ളിക്കൂടം 1923 ൽ ESLC സ്ക്കൂളായി ഉയർത്തി ചാത്തനൂരിലെ പടിഞ്ഞാറെ മഠം സൗജന്യമായി നൽകിയ സ്ഥലത്തേക്ക് പറിച്ചു നടപ്പെട്ടു.
1948 ൽ സർക്കാർ ഹൈസ്ക്കൂൾ സ്ഥാപിതമായെങ്കിലും 1961 ൽ മാത്രമാണ് GLP School ആയി ഈ എലിമെൻ്ററി സ്കൂളിനെ വീണ്ടും ക്രമീകരിച്ചത് .
ചാത്തനൂർ GLP സ്ക്കൂൾ അക്ഷര മുറ്റത്ത് 2000 വർഷം വരെ പഠിച്ച വിദ്യാർത്ഥികളും ഇതേ കാലയളവിൽ പഠിപ്പിച്ച അദ്ധ്യാപകരുമാണ് ഓർമ്മകൾ പങ്കിടാൻ നവംബർ 9 ശനിയാഴ്ച എത്തുന്നത്.
സ്കൂളിൻ്റെ ഇന്നത്തെ അവസ്ഥയും നവീകരണത്തിൻ്റെ ആവശ്യകതയും പ്രധാനാദ്ധ്യാപിക സുമയ്യ സദസ്സിനെ ധരിപ്പിക്കും
138 പ്രവർത്തക സമിതിയംഗങ്ങളും 12 നിർവ്വാഹക സമിതിയംഗങ്ങളും ഉൾപ്പെടുന്ന ടീമാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്
രക്ഷാധികാരി വിജയൻ ചാത്തനൂർ , പ്രസിഡണ്ട് എം.വി.വിജയൻ, സെക്രട്ടറി പി.ആർ.വിജയരാഘവൻ, കോർഡിനേറ്റർ പി.വി.മോഹനൻ , പ്രിയ ടി.പി , ബിനു കൃഷ്ണദാസ് എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.