പാലക്കാട്:ബൈക്ക് യാത്രികൻ പട്ടാമ്പി സ്വദേശി വിഷ്ണുവിനെ ഇടിച്ചിട്ടു നിർത്താതെ പോയ വാഹനം പാലക്കാട് ടൗൺ നോർത്ത് പോലീസ് കണ്ടെത്തി. സംഭ വത്തിൽ കർണാടക ബെംഗളൂരു ദേവനെല്ലി വിജയപുരം സ്വദേശി പ്രസന്നകുമാറിനെ (53) പോലീസ് പിടികൂടി.
കഴിഞ്ഞ ഓഗസ്റ്റ് 21-ന് പുലർച്ചെ രണ്ടിന് കല്ലേക്കാട്ടായിരുന്നു അപകടം. പട്ടാമ്പി സ്വദേശിയായ വിഷ്ണു (28) ഓടിച്ചിരുന്ന ഇരുചക്ര വാഹനത്തിൽ എതിർഭാഗത്തുനി ന്നും അമിതവേഗതയിൽ വന്ന പിക്കപ്പ് വാൻ ഇടിച്ചിട്ടു നിർത്താതെ പോവുകയായിരുന്നു.
പാലക്കാട് ലുലു മാളിൽ ഷെഫായി ജോലിചെയ്യുകയായിരുന്ന വിഷ്ണു രാവിലെ ജോലിക്ക് വരുമ്പോഴായിരുന്നു അപകടം. അപകടത്തിൽ, വാഹനത്തിൽ നിന്ന് തെറിച്ചുവീണ വിഷ്ണുവിന് ഗുരുതര പരിക്കേറ്റിരുന്നു. ഇടിച്ച വാഹനത്തെക്കുറിച്ച് വിവരങ്ങൾ പോലും നൽകാനാവാത്ത സ്ഥിതിയിലായിരുന്നു വിഷ്ണു.നിലവിൽ തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നു പോലീസ് പറഞ്ഞു.
പാലക്കാട് നോർത്ത് പോലീസ് അപകടസ്ഥലത്തെ സി.സി.ടി.വി. ക്യാമറകൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ്, അപകടത്തിനിടയാക്കിയ, കർണാടക രജിസ്ട്രേഷനുള്ളവാഹനം കണ്ടെത്തിയത്. ജില്ലാ പോലീസ് മേധാവി ആർ.ആനന്ദ്, പാലക്കാട് എ.എസ്.പി. അശ്വതി ജിജി എന്നിവരുടെ നിർദേശ പ്രകാരം പാലക്കാട് ടൗൺ നോർ ത്ത് ഇൻസ്പെക്ടർ വിപിൻ കെ.വേണുഗോപാലിൻ്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ പി.സുജിത്ത്, ഉണ്ണിക്കൃഷ്ണൻ, എസ്.സി.പി.ഒ.മാരായ മനീഷ്, റിയാസ്, മണികണ്ഠദാസ് എന്നിവരടങ്ങുന്ന സംഘമാണ് കേസന്വേഷിച്ചത്.